കോൺഗ്രസ് പുനഃസംഘടനയ്ക്ക് വേഗം കൂട്ടാൻ വയനാട്ടിൽ നടക്കുന്ന കെ.പി.സി.സി നേതൃയോഗത്തിൽ തീരുമാനമായി. വിവിധ വിഭാഗങ്ങളെ പാർട്ടിയോട് ചേർത്തുനിർത്തുന്ന രീതിയിൽ സോഷ്യൽ എഞ്ചിനീയറിങ് നടത്താനും ധാരണയായി.
കൂടാതെ പുനഃസംഘടന തടസപ്പെട്ടത് വോട്ട് ചേർക്കലിനെ സാരമായി ബാധിച്ചതായും നേതൃയോഗം വിലയിരുത്തി. ബി ജെ പി യെ പ്രധാന ശത്രുവായി പരിഗണിച്ച് പാർട്ടി പരിപാടികൾ കാണണമെന്ന് കോൺഗ്രസ് നയരേഖയിൽ പറയുന്നു. പുനഃസംഘടന സംബന്ധിച്ച തർക്കങ്ങള്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള ഏഴംഗ സമിതി പരിഹരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
അതേസമയം പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെ.പി.സി.സി പ്രസിഡന്‍റായി തുടരില്ലെന്ന് കെ സുധാകരൻ ഇന്നലെ അറിയിച്ചിരുന്നു. വയനാട് സുൽത്താൻബത്തേരിയിലെ ലീഡേഴ്സ് മീറ്റിലായിരുന്നു സുധാകരൻറെ പ്രതികരണം. പാർട്ടിയിൽ ഗ്രൂപ്പിന്റെ അതിപ്രസരമാണെന്നും പോഷകസംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താൻ അറിയുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
എ.ഐ.സി.സിയുടെ തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനുമായി കൂടിയാലോചിക്കുന്നില്ലെന്നും അധ്യക്ഷന്‍ അറിയാതെ കാര്യങ്ങൾ നടപ്പിലാക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത് കെ.പി.സി.സി പ്രസിഡന്റായ താൻ അറിഞ്ഞതുപോലുമില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.