ഡല്‍ഹിയിലെ ഭരണ നിര്‍വഹണം; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. കേന്ദ്ര സര്‍ക്കാരും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും തമ്മില്‍ ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധിപ്രസ്താവം.

ഇന്ത്യൻ ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ആര്‍ക്കാണ് ഡല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം. ഡല്‍ഹി നിയമസഭയ്ക്ക് നിയമ നിര്‍മാണത്തിന് അധികാരമുള്ള എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെമേലും സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഭൂമി, പോലീസ്, പൊതുക്രമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും ഡല്‍ഹി സര്‍ക്കാരിന് നിയമ നിര്‍മാണത്തിനുള്ള അധികാരം ഉണ്ട്.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരം ഇല്ലെങ്കില്‍ അത് ജനങ്ങളോടും നിയമ നിര്‍മാണ സഭയോടും ഉള്ള ഉത്തരവാദിത്വം കുറയുന്നതിന് തുല്യമായിരിക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് കൂട്ടുത്തരവാദിത്വത്തെബാധിക്കുമെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിച്ചു.

11-May-2023