ഡോ. വന്ദന ദാസിന്റെ കൊലപാതകം; കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിന് അന്വേഷണ ചുമതല
അഡ്മിൻ
ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. വാട്സ്ആപ്പില്‍ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് വിവരം. ഈ സുഹൃത്ത് ആരാണെന്ന് പൊലീസിന് കണ്ടെത്തനായിട്ടില്ല.
അതേസമയം, പ്രതി പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഈ വീഡിയോ സന്ദേശം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.