സംസ്ഥാനത്തെ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിനായി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ തുടരും. ആരോഗ്യസര്‍വകലാശാലയുമായി ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ചര്‍ച്ച പൂര്‍ത്തിയായി. അന്തിമ വിലയിരുത്തലിന് ശേഷം ഓര്‍ഡിനന്‍സ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠന സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഓര്‍ഡിനന്‍സ്.
ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ആരോഗ്യസര്‍വകലാശാലയുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതോടെ ഓര്‍ഡിനന്‍സിന് കരട് രൂപമായി. ഇന്നും നാളെയുമായി ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും.
ഹൗസ്‌സര്‍ജന്‍ ഡോ.വന്ദന ദാസിന്റെ കൊലപാതകത്തോടെയാണ് ആശുപത്രി സംരക്ഷണ നിയമം കൂടുതല്‍ സമഗ്രമാക്കാന്‍ തീരുമാനിച്ചത്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍മാര്‍, പി.ജി ഡോക്ടര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.