സർക്കാർ ജീവനക്കാർക്ക് പഞ്ചിങ്ങിൽ പുതിയ ഇളവുകളും നിബന്ധനകളും
അഡ്മിൻ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പഞ്ചിങ്ങിൽ ഇളവുകളും നിബന്ധനകളും ഏർപ്പെടുത്തി പൊതുഭരണ വകുപ്പിന്റെ പുതിയ ഉത്തരവ്. ജോലി സംബന്ധമായ പ്രത്യേകതകളുള്ളവർക്ക് മാത്രമാണ് ഈ നിബന്ധന. ഓഫിസ് സമയത്തിന് പുറമേ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെയും പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ഇവർ പഞ്ചിങ് തുടരണം.
ഇവരുടെ പ്രവർത്തന സമയം ഓഫിസ് മേലധികാരികൾ രേഖപ്പെടുത്തി സ്പാർക്കിൽ ചേർക്കും. പെട്ടെന്ന് ഷിഫ്റ്റ് ഡ്യൂട്ടിയിലേക്ക് മാറേണ്ടി വരുന്നവർ അതു സംബന്ധിച്ച ഉത്തരവ് സ്പാർക്കിൽ അപ്ലോഡ് ചെയ്ത് ഒഡി സമർപ്പിക്കണം. സർക്കാരിന് കീഴിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായ ഉത്തരവ് അടുത്ത മാസം 1 മുതലാണ് നടപ്പാക്കുക.
പലവട്ടം ശ്രമിച്ചിട്ടും വിരലടയാളം ആധാറിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവരെ പഞ്ചിങ്ങിൽ നിന്ന് ഒഴിവാക്കി. മറ്റു ഓഫിസുകളിലെത്തി ജോലി ചെയ്യുന്നവരും ഡപ്യൂട്ടേഷൻ ജോലി ചെയ്യുന്നവരും ആ ഓഫിസുകളിൽ പഞ്ചിങ് സംവിധാനമില്ലെങ്കിൽ ഹാജർ ബുക്കിൽ ഒപ്പിട്ടാൽ മതി. പഞ്ച് ചെയ്യാൻ മറന്നാൽ വർഷത്തിൽ 2 തവണ മാത്രം ഹാജർ രേഖപ്പെടുത്താം. സാങ്കേതിക തകരാർ, വൈദ്യുതി മുടങ്ങൽ തുടങ്ങിയവ കാരണം പഞ്ച് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഹാജർ ക്രമീകരിക്കാൻ ഡിഡിഒക്ക് അപേക്ഷ നൽകണം.
സ്പാർക് അക്കൗണ്ടിലെ ഗ്രേസ് സമയത്തെക്കാൾ അധികം സമയം വിനിയോഗിച്ച് ജോലിക്കെത്താതിരുന്നാൽ അത് അവധിയായി ക്രമീകരിച്ചാലും നഷ്ടമായ ഗ്രേസ് ടൈം പുനഃസ്ഥാപിക്കാൻ കഴിയില്ല. പൂർണ സമയം പുറത്തു ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർ പഞ്ച് ചെയ്യാൻ പാടില്ല. ഒരു മാസം 10 മണിക്കൂറോ അതിലേറെയോ അധികസമയം ജോലി ചെയ്യുന്നവർക്ക് പകരം ഒരു ദിവസം അവധി അനുവദിക്കും.