കേരളവും ജർമനിയുമായി തൊഴിൽ കരാറിനൊരുങ്ങുന്നു

വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കി കേരളവും ജർമനിയുമായി തൊഴിൽ കരാറിനൊരുങ്ങുന്നു. ജർമനിയുടെ ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് മിനിസ്റ്റർ ഹുബേർട്ടസ് ഹേലി 19നു കേരളത്തിലെത്തും. ഇൻഡോർ ജി 20 യോഗത്തിനെത്തുന്ന ജർമൻ സംഘമാണ് കേരളത്തിലെത്തുന്നത്. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കു ശേഷം 20നു കരാർ ഒപ്പിടും. ഇതിന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്സ് തയാറാക്കിയ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായാണ് ജർമനിയുമായുള്ള കരാർ. അയയ്ക്കുന്ന രാജ്യത്തിനും എത്തിച്ചേരുന്ന രാജ്യത്തിനും പോകുന്ന ഉദ്യോഗാർഥിക്കും ഉൾപ്പെടെ മൂന്ന് പേർക്കും സന്തോഷം എന്ന അർഥത്തിലാണ് ട്രിപ്പിൾ വിൻ പദ്ധതി. ഐടി മേഖലയിൽ ഉൾപ്പെടെ തൊഴിൽ സഹകരണത്തിന് റിക്രൂട്ടിങ്ങിനായി ജർമനിയുമായി നേരിട്ട് കരാർ ഒപ്പിടുന്ന ആദ്യ സംസ്ഥാനവുമാകും കേരളം.

ഏത് തൊഴിൽ മേഖലയിലേക്ക് പോകുന്നതിനും ജർമൻ ഭാഷയുടെ എ1, എ2, ബി1, ബി2 എന്നീ ലവലുകൾ പാസാകണം. ജർമനിയിലേക്ക് 1000 നഴ്സുമാർക്കായിരുന്നു ആദ്യം അവസരം. നഴ്സുമാരുടെ സേവനം ജർമനിയിൽ അത്യാവശ്യമായി വന്നതിനാൽ ജർമൻ ഭാഷ പഠിക്കാൻ തയാറായ നഴ്സുമാർക്ക് 250 യൂറോ വീതം പഠന സഹായവും ജർമനി തന്നെ നൽകുന്ന പദ്ധതിയും തുടങ്ങിയിരുന്നു.

ഇതുപ്രകാരം 1000 നഴ്സുമാരാണ് നിലവിൽ നോർക്ക റൂട്സ് വഴി ജർമൻ ഭാഷ പഠിക്കുന്നത്. ഇതിൽ 78 പേർക്ക് വീസ ലഭിച്ചു ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും നോർക്കയുടെ നേതൃത്വത്തിൽ തുടങ്ങുന്നുണ്ട്.

17-Jul-2023