ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികളുമായി എംവി ഗോവിന്ദൻ മാസ്റ്റർ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ആദരാഞ്ജലികളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്നു പുലർച്ചെ 4.25നാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. 2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

18-Jul-2023