വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ നേരിട്ട് യോഗ്യത നല്‍കി. ഫെഡറേഷന്റെ അഡ്-ഹോക്ക് പാനലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ടീമിന്റെ പരിശീലകരോട് അനുവാദം ചോദിക്കാതെ എടുത്ത തീരുമാനം, പരിശീലകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബജ്‌റംഗ് പുരുഷന്മാരുടെ 65 കിലോ വിഭാഗത്തിലും, വിനേഷ് വനിതകളുടെ 53 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുക. രണ്ട് പേരെയും സെലക്ഷന്‍ ട്രയലില്‍ നിന്ന് ഒഴിവാക്കിയതായി പാനല്‍ അംഗമായ അശോക് ഗാര്‍ഗ് അറിയിച്ചു. തീരുമാനം സഹതാരങ്ങൾക്കിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജൂലായ് 22നാണ് സെലക്ഷന്‍ ട്രയല്‍ തുടങ്ങുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ മുൻ നിരയിൽ ഉണ്ടായിരുന്നവരാണ് ബജ്‌റംഗും വിനേഷ് ഫോഗട്ടും. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരം കൂടിയാണ് ബജ്‌റംഗ്. 2018 ഏഷ്യന്‍ ഗെയിംസില്‍ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും സ്വർണം നേടിയിരുന്നു. നിലവില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പരിശീലനം നടത്തുകയാണ് താരം.