മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു
അഡ്മിൻ
ജനമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾക്ക് സാക്ഷിയായി മണിപ്പൂർ.കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി.മെയ് നാലിന് ഉണ്ടായ സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ജനരോഷമാണ് കേന്ദ്ര,മണിപ്പൂർ സർക്കാരുകൾക്ക് നേരെ ഉയരുന്നത്.
രണ്ട് സ്‍ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ പൂർണ്ണനഗ്നരാക്കി റോഡിലൂടെ നടത്തുന്നതാണ് ദൃശ്യങ്ങളിൽ. പിന്നീട് സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്.ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്നാണ് ഐടിഎല്‍എഫ് പ്രസ്താവനയില്‍ അറിയിച്ചത്.സംസ്ഥാനത്ത് മെയ്തി-കുക്കി സംഘര്‍ഷം ഉടലെടുത്തതിന്റെ പിറ്റേ ദിവസമാണ് പൈശാചികമായ ഈ ക്രൂരകൃത്യം അരങ്ങേറിയത്.എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം.
സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പൊലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിലുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കൂട്ട ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നതായും ഉടൻ പ്രതികളെ പിടികൂടുമെന്നും മണിപ്പൂർ പോലീസ് ട്വീറ്റ് ചെയ്തു.സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് സൂചന.മണിപ്പൂര്‍ പൊലീസും ഇത് സംബന്ധിച്ച കൃത്യമായ ഒരു വിവരം ഇതുവരെ നൽകിയിട്ടില്ല.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകര്‍ നടുക്കം രേഖപ്പെടുത്തി. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ചോദിച്ചു.
മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന് തെളിയുമെന്ന് തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം രാജ്യത്തെ ജനങ്ങൾക്ക് വേദനാജനകമെന്ന് എഎപിയും പ്രതികരിച്ചു.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.