സഭാ നടപടികൾ നിർത്തിവെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു.അതേസമയം ഇരുസഭകളിലും മണിപ്പൂർ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

''മണിപ്പൂർ വിഷയം ഇരുസഭകളിലും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ സെൻസിറ്റീവ് വിഷയമാണ്. ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി വിശദമായ മറുപടി നൽകും. ചർച്ചയുടെ തീയതി സ്പീക്കർ തീരുമാനിക്കട്ടെ.''- പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്‌സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാക്കൾ 'മണിപ്പൂർ മണിപ്പൂർ', 'മണിപ്പൂർ കത്തുന്നു' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണെത്തിയത്. മണിപ്പൂർ കത്തുകയാണെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന് രാവിലെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഖാർഗെ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങൾ തുടർച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾക്ക് നേതൃത്വം നൽകിയ കിരിത് സോളങ്കി ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുന്നതായി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറും അറിയിച്ചു.

20-Jul-2023