മണിപ്പൂരില്‍ ആദ്യ ദിനം ആക്രമിക്കപ്പെട്ടത് രണ്ടല്ല, 8 സ്ത്രീകള്‍
അഡ്മിൻ
മണിപ്പൂര്‍ കലാപത്തിനിടെ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടിലൊതുങ്ങില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. എട്ട് സ്ത്രീകള്‍ ആള്‍ക്കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ വെളിപ്പെടുത്തി. എതിര്‍ക്കാന്‍ നോക്കിയ തന്റെ മകനെയും ഭര്‍തൃസഹോദരനെയും അക്രമികള്‍ തല്ലിക്കൊന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
കുകികളുടെ ഗ്രാമമായ ബിപൈന്യത്തിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. രണ്ട് സ്ത്രീകള്‍ നേരിട്ട ക്രൂരത കണ്ട് ലോകം ഞെട്ടിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. കൂട്ട ബലാത്സംഗത്തിനിരയായ ഇവരെ നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആള്‍കൂട്ടം മെയ് മൂന്നിന് വൈകിട്ട് ഗ്രാമത്തിലെത്തി കുടിലുകള്‍ക്ക് തീയിട്ടു. പേടിച്ചരണ്ട ഗ്രാമവാസികള്‍ തൊട്ടടുത്ത കാട്ടില്‍ അഭയം പ്രാപിച്ചു. വീണ്ടും അക്രമികള്‍ വരില്ലെന്ന് വിശ്വസിച്ച് അടുത്ത ദിവസം തിരികെ ഗ്രാമത്തിലെത്തിയവര്ക്ക് തെറ്റി. അക്രമികള്‍ വീണ്ടും എത്തുകയും പെണ്കുട്ടുകളടക്കം കാടിനുള്ളില്‍ ഓടിക്കയറുകയും ചെയ്തു.
എന്നാല്‍ ഇവര്‍ അക്രമികളുടെ കണ്ണില്‍ പെടുകയായിരുന്നുവെന്നാണ് അതിജീവിച്ച ഗ്രാമവാസി ഒരു മാധ്യമത്തിനോട് പറഞ്ഞത്.