മണിപ്പൂർ: പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു: മല്ലികാർജുൻ ഖാർഗെ

സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രോഷമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി ബിരേൻ സിംഗിനെ പുറത്താക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംസ്ഥാനത്തെ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും ഖാർഗെ ഇന്ന് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

"ഈ വിഷയത്തിൽ മാത്രമല്ല, മണിപ്പൂരിൽ കഴിഞ്ഞ 80 ദിവസങ്ങളായി നടക്കുന്ന അക്രമ സംഭവങ്ങളിൽ നിങ്ങൾ നേതൃത്വം നൽകുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിശദമായ പ്രസ്താവന നടത്തുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു."- മോദിയോട് ഖാർഗെ ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ മോദി, പുറത്തുവന്ന വിഡിയോയിൽ തന്റെ വേദനയും രോഷവും പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ കുക്കി സമുദായത്തിലെ സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്നരാക്കി പ്രകടനം നടത്തുന്നതും, അവരെ ഉപദ്രവിക്കുക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

21-Jul-2023