മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച അപേക്ഷകളും വ്യാജം
അഡ്മിൻ
വയനാട് ജില്ലയിലെ മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് കണ്ടെത്തി. അപേക്ഷകൾ എഴുതി തയ്യാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയായ റോജി അഗസ്ത്യനാണ്. മുട്ടിലാണ് ആദിവാസി ഭൂമിയിൽ നിന്നുപോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.
മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്. കൈയ്യക്ഷര പരിശോധനയിലാണ് കണ്ടെത്തൽ. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളിൽ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടിൽ വില്ലേജ് ഓഫീസിൽ നിന്നും വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു.
300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ അടക്കമാണ് സർക്കാർ ഉത്തരവിന്റെ മറവിൽ മുറിച്ചു മാറ്റിയതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു.പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങള്‍ ഭൂഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള.