ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടക്കോള്‍ നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
അഡ്മിൻ
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.അതിന്റെ ഭാഗമായി ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടക്കോള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ എച്ച്.ഡി.യു. (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്) ഓക്സിജന്‍ വാര്‍ഡ്, ജില്ലാ ആശുപത്രിയില്‍ ഹബ് ആന്‍ഡ് സ്പോക്ക്, ജില്ലാതല മൈക്രോബയോളജി ലാബ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ അനുവദിക്കില്ല. പരമാവധി പിഴ, തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ എന്നിവ ഉറപ്പാക്കും. അക്രമം ഉണ്ടാകാതിരിക്കാനും അഥവാ ഉണ്ടായാല്‍ പാലിക്കപ്പെടേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ് പ്രോട്ടക്കോളിലുള്ളത്.അടിയന്തരഘട്ടങ്ങളില്‍ മുന്നറിയിപ്പു നല്കുന്ന സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കും. ഇതിന്റെ ഭാഗമായുള്ള സേഫ്റ്റി ഓഡിറ്റുകള്‍ ആശുപത്രികളില്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. വന്ധ്യതാപരിഹാരത്തിന് കൊല്ലം വിക്ടോറിയ ആശുപത്രി ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഐ.വി.എഫ്. ലാബ് ആരംഭിക്കാനുള്ള ആലോചന നടക്കുന്നതായും മന്ത്രി അറിയിച്ചു.
35.23 ലക്ഷം രൂപ ചെലവിലാണ് കുട്ടികളുടെ എച്ച്.ഡി.യു. ഓക്സിജന്‍ വാര്‍ഡ് സജ്ജമാക്കിയത്. ജില്ലാ ആശുപത്രിയില്‍ 16.7 ലക്ഷം രൂപ ചെലവിലാണ് ഹബ് ആന്‍ഡ് സ്പോക്ക് മോഡല്‍ മൈക്രോബയോളജി ലാബ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മറ്റ് ആശുപത്രികളില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ സര്‍ക്കാര്‍ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു പരിശോധിക്കാനാകും.
എം.മുകേഷ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്, വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷാജി, അനില്‍ എസ്.കല്ലേലിഭാഗം, വസന്ത രമേശ്, കോര്പ്പറേഷന് സ്ഥിരംസമിതി അധ്യക്ഷ യു.പവിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്.ഷിനു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി.വസന്തദാസ്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് വി.കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു.