മണിപ്പൂർ: രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ്
അഡ്മിൻ
മണിപ്പൂരിലെ നരനായാട്ടിൽ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. തന്നെ കണ്ട എംഎൽഎമാരെയാണ് ബിരേൻ സിംഗ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളിൽ നടപടി ഉറപ്പാക്കുമെന്നും താൻ നേരിട്ട് നടപടി നിരീക്ഷിക്കുന്നുണ്ടെന്നും ബീരേൻ സിംഗ് അറിയിച്ചു.
ഇതോടൊപ്പം മിസോറാമിലും സംഘർഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനിടെ, മെയ്തെയ് വിഭാഗത്തോട് സംസ്ഥാനം വിടാന്‍ മുൻ വിഘടനവാദികളുടെ സംഘടന ആവശ്യപ്പെട്ടു. പ്രസ്താവന സംഘടന തിരുത്തിയെങ്കിലും നിരവധി വിദ്യാർത്ഥികൾ സംസ്ഥാനം വിട്ടു.
അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
മിസോറാമിലുള്ള മെയ്ത്തെയ് വിഭാഗത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് മണിപ്പൂരിൽ എത്തിക്കാനുള്ള ആലോചനയുണ്ട്. മെയ്ത്തെയ് വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന് ചില തീവ്ര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്. വ്യോമ മാർഗ്ഗം ഇവരെ നാട്ടിലെത്തിക്കാനാണ് ആലോചനകൾ നടക്കുന്നത്.