പുനർജനി തട്ടിപ്പിൽ പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റുമാരും
അഡ്മിൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിസ്ഥാനത്തുള്ള പുനർജനി തട്ടിപ്പുകേസിൽ രണ്ട് പരാതി കൂടി. പറവൂർ കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റുമാരാണ് വിജിലൻസ് മേധാവിക്ക് പരാതി നൽകിയത്. ഭരണസമിതിയുടെ അറിവില്ലാതെ സ്വകാര്യവ്യക്തിയുടെ നെൽവയലിലേക്ക് റോഡ് നിർമിച്ചെന്നും ഇതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണെന്നുമാണ് ആക്ഷേപം.
ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ടാം വാർഡിലാണ് പുനർജനി പദ്ധതിയിലുൾപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ നെൽവയലിലേക്ക് റോഡുണ്ടാക്കിയത്. ഇതേ വ്യക്തിയും കുടുംബവും കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാലിൽ ഏക്കറുകണക്കിന് തണ്ണീർത്തടം കോടതിയെ തെറ്റിദ്ധരിപ്പിച്ച് നികത്തുകയാണ്. കൃഷി ഓഫീസർ നൽകിയ വ്യാജ വിവരങ്ങളടങ്ങിയ വിവരാവകാശ നിയമപ്രകാരമുള്ള കത്താണ് ഇതിന് ഉപയോഗിക്കുന്നതെന്നും കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജിയുടെ പരാതിയിൽ പറയുന്നു.
തണ്ണീർത്തടം നികത്തിയെന്ന പരാതിയുണ്ടായിട്ടും സ്ഥലം എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുനർജനിക്കായി ചട്ടം ലംഘിച്ച് പിരിച്ച പണം നാട്ടിലെത്തിക്കാൻ സഹായിച്ച എൻജിഒയ്‌ക്ക് നെൽവയൽ ഉടമകളുമായും ആനച്ചാലിൽ തണ്ണീർത്തടം നികത്തിയവരുമായും ബന്ധമുണ്ട്. സ്വകാര്യ വ്യക്തിയുടെ നെൽവയലിലേക്ക് റോഡ് നിർമിച്ചത് ഭരണസമിതിയുടെ അറിവില്ലാതെയാണെന്ന് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ പരാതിയിൽ പറയുന്നു.
വീട് നൽകിയതായി പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്ന സ്ത്രീക്ക് സ്വന്തം സ്ഥലമുണ്ടായിരുന്നുവെന്ന് ഇവർതന്നെ പറയുന്നുണ്ട്. നെൽവയലിൽ കുറച്ച് ഭൂമി നൽകിയശേഷം റോഡ് നിർമിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചതിൽ സ്വജനപക്ഷപാതമുണ്ട്.
നെൽവയലിൽ ഭൂമിയുള്ളവരിൽ ഭൂരിപക്ഷവും ഇവിടെ താമസക്കാരല്ല. നെൽവയൽ ഉടമ മതവിശ്വാസപ്രകാരമാണ് ഭൂമി ദാനം ചെയ്‌തതെന്ന് പറയുന്നുണ്ടെങ്കിലും പണം വാങ്ങി വിൽക്കുകയായിരുന്നു. വി ഡി സതീശനുമായി ബന്ധമുള്ള കോൺഗ്രസ് നേതാവിനും ഇവിടെ ഭൂമിയുമുണ്ട്. ഈ വയൽ ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. പുനർജനി പദ്ധതിയുടെ മറവിൽ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാട്, വിദേശ പണമിടപാട്, ഗൂഢാലോചന, അഴിമതി തുടങ്ങിയ കാര്യം സമഗ്രമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് ഇരുവരുടെയും പരാതിയിൽ ആവശ്യപ്പെടുന്നു.