കലാപത്തിന്‌ ഒത്താശ ചെയ്യുന്ന മണിപ്പൂർ മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം: കെകെ ശൈലജ

പെൺകുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തു തെരുവിലൂടെ നടത്തുകയും കൂട്ടബലാൽസംഗം ചെയ്‌തു കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധ:പതിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട്‌ മാപ്പ്‌ പറയണം. കലാപത്തിന്‌ ഒത്താശ ചെയ്യുന്ന മണിപ്പൂർ മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം. മണിപ്പൂരിലെ കൂട്ടബലാത്സംഗ കൊലക്കെതിരെ മഹിള അസോസിയേഷൻ ജില്ലകമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

മണിപ്പൂർ കത്തിയമരുമ്പോൾ മോഡി വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയായിരുന്നു. കലാപം ശമിപ്പിക്കാൻ ഒന്നും ചെയ്‌തില്ല. ഇത്ര മനുഷ്യത്വമില്ലാത്ത ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ മൻകി ബാത്തും നാട്യവും ജനങ്ങൾ തിരിച്ചറിയണം. മണിപ്പൂർ കത്തുന്നത്‌ വഴി രാജ്യത്തിന്റെ സ്വസ്ഥതയാണ്‌ നഷ്‌ടമാവുന്നത്‌. സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടിനകത്ത്‌ ചുട്ടുകൊല്ലുകയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയെ നഗ്നയാക്കി നടത്തിക്കുകയും ചെയ്‌തു.

ആ സ്‌ത്രീകൾ അനുഭവിച്ച വേദനയും അപമാനവും ആർക്കെങ്കിലും ഊഹിക്കാനാവുമോ. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനം സംരക്ഷിക്കാൻ ഇരട്ട എൻജിൻ സർക്കാറിന്‌ കഴിയുന്നില്ല. ഇന്റർനെറ്റ്‌ വിഛേദിച്ച്‌ മണിപ്പൂരിൽ നടക്കുന്നത്‌ ലോകം അറിയാതിരിക്കാനാണ്‌ മോഡി ആഗ്രഹിച്ചത്‌. ലോകത്തിന്‌മുന്നിൽ രാജ്യം വസ്‌ത്രാക്ഷേപം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു.

23-Jul-2023