മണിപ്പൂർ സർക്കാറിന് അയച്ച മൂന്ന് കത്തുകൾ പുറത്തുവിട്ട് ദേശീയ വനിതാ കമ്മീഷൻ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മൂന്ന് കത്തുകൾ അയച്ചിട്ടും സർക്കാർ മറുപടി നൽകിയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. മെയ് 19, മെയ് 29, ജൂൺ 19 എന്നീ തിയതികളിൽ നൽകിയ മൂന്ന് കത്തിനും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ജൂലൈ 20ന് മണിപ്പൂർ ഡി.ജി.പി രാജീവ് സിങ്ങിനാണ് അവസാന കത്ത് നൽകിയതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

മണിപ്പൂരിലെ സംഭവം അറിഞ്ഞിട്ടും വനിതാ കമ്മീഷൻ യാതൊരു നടപടിയും എടുത്തില്ലെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മണിപ്പൂർ സർക്കാറിന് അയച്ച മൂന്ന് കത്തുകൾ രേഖാ ശർമ പുറത്തുവിട്ടത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ തനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന ആരോപണം ഇവർ നിഷേധിക്കുകയും ചെയ്തു.

സാമൂഹ്യ മാധ്യമത്തിൽ വീഡിയോ വൈറലായതിന് ശേഷം സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മണിപ്പൂർ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും താൻ കത്ത് നൽകിയിട്ടുണ്ടെന്നും രേഖാ ശർമ വ്യക്തമാക്കി. അപലപനീയമായ സംഭവമാണ് നടന്നതെന്നും സർക്കാറിന്റെ കൃത്യമായ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ചീഫ് സെക്രട്ടറി വിനീത് ജോഷിക്ക് എഴുതിയ കത്തിൽ അവർ ആവശ്യപ്പെട്ടു.

23-Jul-2023