ഏക സിവില്‍കോഡ്; സെമിനാറുമായി മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി
അഡ്മിൻ
ഏക സിവില്‍കോഡിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐഎമ്മിനെ ഉള്‍പ്പെടെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പങ്കെടുക്കുമോയെന്ന് തീരുമാനിക്കേണ്ടത് സിപിഎം ആണെന്നും പിഎംഎ സലാം പറഞ്ഞു. ജൂലൈ 26 ബുധനാഴ്ച്ചയാണ് കോഴിക്കോട് സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ ബഹുജന സെമിനാര്‍ നടക്കുക.
ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളേയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
അതേസമയം മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബഹുജന സെമിനാറില്‍ സിപിഎം പങ്കെടുത്തേക്കും. ഏകസിവില്‍കോഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന എല്ലാവരുമായി സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചു. അതൊരു രാഷ്ട്രീയ ഐക്യ മുന്നണിയായി കാണുന്നില്ല. അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിട്ടാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
നേരത്തെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ അത് യുഡിഎഫിന് വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു സെമിനാറില്‍ നിന്നും മാറി നിന്നത്.