കർണാടക ഹൈക്കോടതിയിലെ ആറ് ജഡ്ജിമാർക്ക് വാട്‌സ്ആപ്പിലൂടെ വധഭീഷണി. പാക്കിസ്ഥാനിലെ എബിഎൽ അലൈഡ് ബാങ്ക് ലിമിറ്റഡിന്റെ അക്കൗണ്ട് നമ്പർ നൽകിയ അജ്ഞാതൻ 50 ലക്ഷം രൂപ ഉടൻ നിക്ഷേപിക്കണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി.
പണം കൈമാറിയില്ലെങ്കില്‍ ജഡ്ജിമാരെ വധിക്കുമെന്ന് കോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ മുരളീധറിനാണ് ഭീഷണി സന്ദേശമെത്തിയത്. പി.ആര്‍.ഒയുടെ പരാതിയില്‍ ബെംഗളൂരു പോലീസ് കേസെടുത്തു. ജൂലായ് 12ന് രാത്രി ഏഴ് മണിയോടെ മുരളീധറിന് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. തുടർന്ന് വിളിച്ചയാൾ തന്റെ ഔദ്യോഗിക നമ്പറിലേക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു.
പാക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകിയ ശേഷം 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച്ടി നരേന്ദ്ര പ്രസാദ്, അശോക് നിജഗണ്ണനവര്‍, എച്ച്പി സന്ദേശ്, കെ നടരാജന്‍, വീരപ്പ എന്നിവരെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയത് ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ ഭീഷണി സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.