വർഗീയ കലാപം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ. സംസ്ഥാനമാകെ തുടരുന്ന അക്രമത്തിനും രക്തച്ചൊരിച്ചിലിനും എതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം പ്രവർത്തകർ പ്രതിഷേധിച്ചു.
ലണ്ടൻ, എഡിൻബർഗ്, പോർട്ട്സ്മൗത്ത് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഉടൻ രാജിവയ്ക്കണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയ് 3-നാണ് മണിപ്പൂരിലെ സംഘർഷങ്ങളുടെ തുടക്കം. പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
മാർച്ചിനിടെ സായുധരായ പൊലീസ് മെയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ്വരയിലെ ജില്ലകളിൽ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു. ആക്രമണസംഭവങ്ങളിൽ ഇതുവരെ 160 മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.