മണിപ്പൂർ സന്ദർശിക്കാൻ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രതിനിധി സംഘം
അഡ്മിൻ
വർഗീയ കലാപം തുടരുന്ന മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങൾ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ് അലയൻസ്) പ്രതിനിധി സംഘം സന്ദർശിക്കും. സഖ്യത്തിലെ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനാണ് നീക്കം.
അതേസമയം കഴിഞ്ഞ ദിവസം രാജ്യത്തിന്റെ മാനംകെടുത്തിയ മണിപ്പുർ വംശീയ കലാപവിഷയത്തിൽ പാർലമെന്റിൽ പ്രസ്‌താവനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ലോക്‌സഭയിൽ അവിശ്വാസപ്രമേയ നോട്ടീസ് നൽകി.
പ്രതിപക്ഷക്കൂട്ടായ്‌മയായ ‘ഇന്ത്യ’യിലുണ്ടായ ധാരണപ്രകാരം കോൺഗ്രസ് കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് ലോക്‌സഭാ നടപടിക്രമം ചട്ടം 198 പ്രകാരം പ്രമേയം അവതരിപ്പിക്കാൻ സ്‌പീക്കർ ഓം ബിർളയ്‌ക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് സ്വീകരിച്ചതായും പ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന സമയം കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം അറിയിക്കാമെന്നും സ്‌പീക്കർ സഭയിൽ പറഞ്ഞു.ലോക്‌സഭയിലെ കണക്ക് ബിജെപിക്ക് അനുകൂലമാണെങ്കിലും അവിശ്വാസപ്രമേയ ചർച്ചവഴി സർക്കാരിനെ തുറന്നുകാണിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.