ആലുവയിലെ കൊലപാതകം; പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആരോപണം പൊളിയുന്നു

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആരോപണം പൊളിയുന്നു. പരാതി പൊലീസിന് മുന്നിൽ എത്തുന്നതിന് മുമ്പ് തന്നെ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി കൊലപാതകം നടത്തിയ ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.

കൊലപാതകത്തിന് ശേഷം വൈകുന്നേരം 5.33 നാണ് പ്രതി മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും മടങ്ങിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7 മണിയ്ക്കാണ് പൊലീസിന് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.

അതേസമയം, ആലുവ കൊലപാതകത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കാനായത് പൊലീസിൻ്റെ നേട്ടമായി. പരാതി ലഭിച്ചയുടൻ കൃത്യമായ ഇടപെടൽ പൊലീസ് നടത്തിയതുകൊണ്ട് മാത്രമാണ് പ്രതി കേരളം വിടാതിരുന്നത്. എങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന നിരാശ അന്വേഷണ സംഘത്തിനുണ്ട്.

30-Jul-2023