മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ ജയസുധ ബിജെപിയിലേക്ക്

തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 29 ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയെ സന്ദര്‍ശിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബിജെപിയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് ജയസുധ പറയുന്നത്.

‘കിഷന്‍ റെഡ്ഡിയും മറ്റുള്ള നേതാക്കളും തന്നോട് ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. എനിക്ക് ഇതില്‍ ആലോചിക്കാന്‍ കുറച്ച് സമയം ആവശ്യമുണ്ട്. എന്‍റെ ബിജെപിയിലെ റോള്‍ എന്തായിരിക്കണം എന്നത് സംബന്ധിച്ച് ബിജെപി നേതൃത്വത്തില്‍ നിന്നും കുറച്ച് വ്യക്തത വേണം’ – ടൈംസ് ഓഫ് ഇന്ത്യയോട് ജയസുധ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ജയസുധയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ജയസുധയ്ക്കൊപ്പം ക്ഷണം കിട്ടിയ രാജഗോപാല്‍ റെഡ്ഡി ഇപ്പോള്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ വിജയിച്ചിരുന്നു. 2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

31-Jul-2023