തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് തീരുമാനം
അഡ്മിൻ
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയെല്ലാം ജയിലിലെത്തിക്കും.ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക.
തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. എറണാകുളം പോക്‌സോ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. പിന്നീടാണ് കുട്ടിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. തുടര്‍ന്ന് വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.