മണിപ്പൂർ വിഷയം; പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്‌ച നടത്താമെന്ന് രാഷ്ട്രപതി
അഡ്മിൻ
മണിപ്പൂർ കലാപവുമായി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർത്ഥന രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ബുധനാഴ്‌ച രാവിലെ 11.30ന് പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്‌ച നടത്താമെന്ന് രാഷ്ട്രപതി അറിയിച്ചു.
മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം മൺസൂൺ സെഷൻ ആരംഭിച്ചത് മുതൽ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ അക്രമം ആശങ്കാജനകമാണെന്നും, നിരവധി മരണങ്ങൾക്ക് കാരണമായെന്നും പ്രതിപക്ഷം പറഞ്ഞു. ഇത് പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടലാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. നേരത്തെ സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ 21 പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിലെ ജനങ്ങളുമായി സംവദിച്ചിരുന്നു. പ്രതിനിധി സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും മലകളിലും താഴ്‌വരയിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.