ഹരിയാന സംഘര്‍ഷം: യു.പിയിലും ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നൽകി

ഹരിയാനയിലെ വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം. യുപിയിൽ സംഘർഷ ബാധിത നുഹുമായി അതിർത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബർസാന പട്ടണങ്ങളിലാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.ഇതുകൂടാതെ സംസ്ഥാനത്തെ 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഹരിയാനയുമായി അതിർത്തി പങ്കിടുന്ന ജില്ലകളും ഇതിൽ ഉൾപ്പെടും.സഹാറൻപൂർ, ഷാമിൽ, ബാഗപത്, ഗൗതം ബുദ്ധ നഗർ, അലിഗഡ്, മഥുര, ആഗ്ര, ഫിറോസാബാദ്, മീററ്റ്, ഹാപൂർ, മുസാഫർനഗർ തുടങ്ങിയ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതില്‍ മഥുരയും അലിഗഢുമാണ് പ്രശ്നബാധിതമായ പ്രദേശമെന്ന് എ.ഡി.ജി രാജീവ് കൃഷ്ണ പറഞ്ഞു. ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ഡല്‍ഹിയിലെ പ്രദേശങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹ്, സോഹ്ന ജില്ലകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായിയിരുന്നു.

02-Aug-2023