മണിപ്പൂർ വീണ്ടും സംഘർഷഭരിതം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ന് ബിഷ്ണുപൂര്‍ ജില്ലയില്‍ സായുധ സേനയും മെയ്‌തേയ് സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടി. കാങ്വായ്, ഫൗഗക്ചാവോ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. മെയ്‌തേയ് സ്ത്രീകള്‍ ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളില്‍ ബാരിക്കേഡ് സോണ്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

അസം റൈഫിള്‍സും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും (RAF) അവരെ തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സേനയ്ക്ക് നേരെ കല്ലേറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സായുധ സേനയും മണിപ്പൂര്‍ പൊലീസും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും നല്‍കിയ കര്‍ഫ്യൂ ഇളവുകള്‍ പിന്‍വലിച്ചതായി ജില്ലാ മജിസ്ട്രേറ്റുകള്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ താഴ്വരയില്‍ നേരത്തെ തന്നെ രാത്രി കര്‍ഫ്യൂ നിലവിലുണ്ട്.

03-Aug-2023