വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണം: കെകെ ശെെലജ ടീച്ചർ

വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ടീച്ചർ . സംഘപരിവാറിന്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും. ദൈവത്തെ ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് സങ്കല്പിക്കുന്നത്.

മിത്ത് എന്നത് അത്തരം സങ്കല്‍പ്പങ്ങളാണ്. വിശ്വാസികള്‍ക്ക് അത് ദൈവസങ്കല്പമാണ്. ചിലര്‍ വിഗ്രഹാരാധന നടത്തുന്നു. ചിലര്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നില്ല. മിത്ത് എന്ന പ്രയോഗത്തില്‍ ദൈവനിന്ദയില്ലെന്നും കെകെ ശൈലജ പറഞ്ഞു.

ഇന്ത്യ വിശ്വാസികള്‍ക്കും ദൈവവിശ്വാസമില്ലാത്തവര്‍ക്കും ഒരേ അവകാശം ഭരണഘടനയില്‍ വാഗ്ദാനം ചെയ്ത രാജ്യമാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ദെവവിശ്വാസത്തിന്റെ അട്ടിപ്പേര്‍ അവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാര്‍ സമൂഹത്തില്‍ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണ്.

ഇന്ന് മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന മനുഷ്യക്കുരുതി കേരളത്തിലും കൊണ്ടുവരാനുള്ള ദുരാഗ്രഹമാണ് മിത്ത് എന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നിര്‍ദ്ദോഷമായ പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സംഘപരിവാരക്കാര്‍ നടത്തുന്ന ആക്രോശം. ശ്രീനാരായണ ഗുരുവിന്റെയും രബീന്ദ്രനാഥ ടാഗോറിന്റെയും ഭക്തി അനുകരിക്കാനാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ശ്രമിക്കേണ്ടതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു.

03-Aug-2023