കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി കെ സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് വിശകലനം ചെയ്യാൻ ചേർന്ന യോ​ഗത്തിലാണ് സുധാകരന്റെ ഉറപ്പ്.

ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രത്യേക നോട്ട് അവതരിപ്പിച്ചുകൊണ്ടാണ് സുധാകരന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.ഒക്ടോബര്‍ 31നകം ബൂത്ത് തലം വരെ ശക്തിപ്പെടുത്തി സംഘടനയെ ശക്തമായ നിലയിലേക്ക് എത്തിക്കുമെന്നാണ് ഇന്ന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സുധാകരന്‍ ഉറപ്പ് നല്‍കിയത്.
പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ ഉണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഏത് തരത്തിലായിരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായവും യോഗത്തില്‍ സംസ്ഥാനത്തെ നേതാക്കളോട് വ്യക്തമാക്കിയതായാണ് വിവരം.

കെ സുധാകരൻ ഇത്തരത്തിൽ ഉറപ്പുകൾ നൽകുമ്പോഴും പഴയ ചില ചരിത്രങ്ങൾ ജനങ്ങൾക്ക് മുന്പിലുണ്ട്. ’ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പോകും. അതില്‍ തര്‍ക്കമെന്താ?’ – മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ സുധാകരന്‍ പറഞ്ഞ വാക്കുകളാണിത്. അതേ സുധാകരനെയാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ചുമതല ഇപ്പോൾ ഹൈക്കമാന്‍ഡ് ഏല്‍പിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷൻ ആകും മുൻപ് കെ സുധാകരന്‍ ശ്രദ്ധ കേന്ദ്രീകരിച്ച കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്ന ചോദ്യവും ഏറെ നിര്‍ണായകമാണ്. 11 ല്‍ വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റേത് ദയനീയ പരാജയം ആയിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന് കെ സുധാകരന്‍ പറഞ്ഞതും ആരും മറന്നിരിക്കില്ല. രണ്ട് സംഭവങ്ങളും കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുള്ള കാര്യങ്ങളായിരുന്നു. വാക്കുകള്‍ക്ക് നിയന്ത്രണമില്ലാത്ത നേതാവ് എന്നൊരു വിശേഷണം കൂടിയുണ്ട് സുധാകരന്. അതുകൊണ്ട് തന്നെ പുതിയ ഉറപ്പിന്റെ ഫലം കണ്ടുതന്നെ അറിയണം.

04-Aug-2023