ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

ജ്ഞാൻവാപി ക്ഷേത്രത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന തടയാനാകില്ലെന്ന് സുപ്രീംകോടതി.പരിശോധന നിർത്തിവയ്ക്കണമെന്ന അഞ്ജുമൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കും. ഉത്തരവിനെ മറികടക്കാനോ സ്റ്റേ ചെയ്യാനോ ന്യായമായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതേസമയം പരിശോധനയ്ക്കിടെ ഖനനം നടത്തുകയോ കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയോ ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

2023 മെയ് 16ന് ഒരു സംഘം ഹിന്ദു വനിതകൾ നൽകിയ അപേക്ഷ പ്രകാരമാണ് ജ്ഞാൻവാപി മന്ദിരത്തിനുള്ളിൽ ആർക്കിയോളജിക്കൽ സർവേയുടെ പരിശോധന നടത്താൻ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത്.വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം നിലനിൽക്കുന്ന മസ്ജിദ്, ക്ഷേത്രത്തിന് മുകളിലാണ് പണി കഴിപ്പിച്ചിരിക്കുന്നത് എന്ന വാദത്തിന്റെ വസ്തുത പരിശോധിക്കുന്നതിനാണ് പരിശോധന നടത്തുന്നത്.

04-Aug-2023