പ്രതിപക്ഷ 'ഇന്ത്യ'യുടെ അടുത്ത യോഗം ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍
അഡ്മിൻ
പ്രതിപക്ഷ മഹാസഖ്യം 'ഇന്ത്യ'യുടെ അടുത്ത യോഗം ആഗസ്റ്റ് 31, സെപ്തംബര്‍ 1 തീയതികളില്‍ നടക്കുമെന്ന് വിവരം. ബെംഗളൂരുവിലെ യോഗത്തിന് സമാനമായി ആഗസ്റ്റ് 31 ന് നേതാക്കളുടെ അനൗപചാരിക യോഗവും സെപ്തംബര്‍ 1 ന് പ്രധാനയോഗവും നടക്കും.
മുംബൈയിലെ ഹോട്ടല്‍ പവായില്‍ വെച്ചാണ് യോഗം ചേരുന്നത്. സെപ്തംബര്‍ 1 ന് വൈകുന്നേരം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ തീരുമാനങ്ങള്‍ വിശദീകരിക്കും. ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും എന്‍പിസി ശരദ്പവാര്‍ വിഭാഗവും കോണ്‍ഗ്രസും ചേര്‍ന്നാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുക. പ്രതിപക്ഷ മഹാസഖ്യത്തിന്റെ ആദ്യയോഗം പട്നയിലും രണ്ടാമത്തെ യോഗം ബെംഗളൂരുവിലായിരുന്നു സംഘടിപ്പിച്ചത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യലാവും യോഗത്തിന്റെ പ്രധാന അജണ്ട. ഇതിന് പുറമേ ഡല്‍ഹിയില്‍ സംയുക്ത സെക്രട്ടറിയേറ്റ് തുടങ്ങുന്നതിനും കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാവും.
വിശാല സഖ്യത്തെ 'I.N.D.I.A' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് നാമകരണം ചെയ്തതും ഈ യോഗത്തില്‍ വെച്ചായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തിന് താല്‍പ്പര്യമില്ലെന്ന് വിശാല സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ് പറഞ്ഞതാണ് ബെംഗളൂരുവില്‍ നടന്ന യോഗത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. 26 പാര്‍ട്ടികളാണ് പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലുളളത്.