വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ച്‌വിട്ടു

ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.

ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് സര്‍ജനായ ഡോ. വന്ദന, സന്ദീപിന്റെ കൊലക്കത്തിക്ക് ഇരയായത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി സന്ദീപ്.

പൊലീസാണ് പ്രതിയെ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തിച്ചത്. കുറ്റകൃത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. കഴിത്തിലും ഹൃദയത്തിലും ആഴത്തില്‍ ആയുധം കുത്തിയിറക്കിയാണ് പ്രതി കൊലനടത്തിയത്.

05-Aug-2023