കേസ് പരിഗണിക്കുന്നത് മാറ്റി; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്മേലുള്ള സ്റ്റേ തുടരും

സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്മേലുള്ള സ്റ്റേ തുടരും. കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.സംഘടനയുടെ ഭരണഘടന ഉൾപ്പെടെയുള്ള രേഖകൾ എതിർകക്ഷികൾ ഹാജരാക്കാതിരുന്നതിനാലാണ് സ്റ്റേ തുടരാൻ കോടതി തീരുമാനിച്ചത്.

യൂത്ത് കോൺ​ഗ്രസ് കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ് വടേരിയുടെ പരാതിയെ തുടർന്നാണ് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല.

സംഘടനയുടെ ഭരണഘടനാ പ്രകാരമല്ല തിരഞ്ഞെടുപ്പ് നടക്കുന്നതെന്നായിരുന്നു പരാതി.ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നിർത്തിവെച്ച തിരഞ്ഞെടുപ്പ് നടപടികൾ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് കോടതി വിധി യൂത്ത് കോൺ​ഗ്രസിന് തിരിച്ചടിയായത്.

05-Aug-2023