മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി
അഡ്മിൻ
മണിപ്പൂര്‍ കലാപ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനും സമിതിയില്‍ അംഗങ്ങളാണ്. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ സമിതി പരിഗണിക്കും.
മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ നിന്നുള്ള അഭിഭാഷകന് എല്ലാവരും മണിപ്പുരില്‍ ഒരു ദിവസം താമസിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് കോടതിയില്‍ പറഞ്ഞു. ദേശീയ പാതകളില്‍ സ്വന്തമായ പരിശോധന സംഘങ്ങളുണ്ട്. അവര്‍ റോഡ് തടയുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നും അഭിഭാഷകന് കോടതി അറിയിച്ചു.