ഉറക്കെ ചിരിക്കരുത്; നിയമസഭയില്‍ പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഉത്തര്‍പ്രദേശ്
അഡ്മിൻ
യുപി നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കും. 1958ലെ ചട്ടങ്ങള്‍ക്ക് പകരമായാണ് പുതിയ നിബന്ധനകള്‍. റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്സ് ആന്റ് കണ്ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്ല്ലേറ്റീവ് അസംബ്ലി – 2023 എന്ന പേരിലാണ് പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ചട്ടങ്ങള്‍ നിയമസഭയിലെത്തിയത്.
ഇന്ന് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും തുടര്‍ന്ന് പാസാക്കുമെന്നും ഉത്തര്‍പ്രദേശ് സ്പീക്കര്‍ സതീഷ് മഹാന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. പുതിയ ചട്ടങ്ങള്‍ പ്രകാരം, ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല. എംഎല്‍എമാര്‍ക്ക് സഭയില്‍ ഒരു രേഖയും കീറാന്‍ കഴിയില്ല. ഒരു പ്രസംഗം നടത്തുമ്പോഴോ അഭിനന്ദിക്കുമ്പോഴോ കൈ ചൂണ്ടരുത്. സഭയില്‍ ആയുധങ്ങള്‍ കൊണ്ടുവരാനോ പ്രദര്‍ശിപ്പിക്കാനും പാടില്ല.
കൂടാതെ നിയമസഭയിലെ അംഗങ്ങള്‍ സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ വണങ്ങി ബഹുമാനം കാണിക്കണമെന്നും സഭയില്‍ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ അല്ലെങ്കില്‍ ഇരിക്കുമ്പോഴോ എഴുന്നേല്‍ക്കുമ്പോഴോ പുറം കാണിക്കരുതെന്നും ചട്ടങ്ങള്‍ പറയുന്നു.
പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, നിയമസഭ സമ്മേളനം വിളിക്കുന്നതിനുള്ള സമയദൈര്‍ഘ്യം 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, സാഹിത്യം, ചോദ്യാവലി, പുസ്തകം, പത്രക്കുറിപ്പുകള്‍ എന്നിവ എടുക്കാനോ നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത സ്ലിപ്പുകള്‍ വിതരണം ചെയ്യാനോ അംഗങ്ങളെ അനുവദിക്കില്ല. നിയമസഭയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിഓരോ ദിവസത്തെയും ജോലിയുടെ ഒരു ലിസ്റ്റ് എംഎല്‍എമാര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ ലഭ്യമാക്കണമെന്നും ചട്ടത്തില്‍ പറയുന്നു.