ഉമ്മൻ ചാണ്ടിയുടെ മകൻ ആണ് എന്നുള്ളത് കൊണ്ട് കണ്ണീർ ഉപയോഗിച്ച്‌ വോട്ട് പിടിക്കരുത്: എ കെ ബാലൻ

ചാണ്ടി ഉമ്മൻ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൻ ആണ് എന്നുള്ളത് കൊണ്ട് കണ്ണീർ ഉപയോഗിച്ച്‌ വോട്ട് പിടിക്കരുതെന്ന് സിപിഎം നേതാവ് എ കെ ബാലൻ.'കോൺഗ്രസിന്റെ പല പ്രബല നേതാക്കളും രക്തസാക്ഷികൾ വരെയായിട്ടുണ്ട്. എന്നിട്ട് ആ കണ്ണീർ വിറ്റ് വോട്ടാക്കാൻ അധിക കാലം കഴിഞ്ഞില്ല. അന്ന് കണ്ണുനീരിന്റെ കൂടെ പോയിട്ടുള്ള മിക്ക കോൺഗ്രസ് നേതാക്കളും ഇന്ന് ബിജെപിയിലാണുള്ളത്.

എ കെ ആന്റണിയുടെ മകന്റെ പാരമ്ബര്യം വച്ച്‌ കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞ കാര്യം എല്ലാവർക്കും ഓർമ്മയുണ്ടാകും. ഇത് യൂദാസ് ആണെന്നാണ് അന്ന് പറഞ്ഞത്. ആദ്യമായിട്ട് പറയേണ്ടത് ആ പാരമ്ബര്യം എനിക്ക് എന്തായാലും ഉണ്ടാവില്ല. അത് ഞാൻ വോട്ടർമാർക്ക് ഉറപ്പ് നൽകുന്നു. ഇക്കാര്യം ആദ്യം പറഞ്ഞു കൊണ്ടായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്.'- എ കെ ബാലൻ പറഞ്ഞു.

'വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ, മറ്റു കോൺഗ്രസ് എംഎൽമാർ ചെയ്ത വികസനപ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ല എന്നതിന് നിരവധി കാര്യങ്ങൾ പറയാൻ സാധിക്കും. ഞാൻ വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ മണ്ഡലം സമ്ബൂർണമായി വൈദ്യുതീകരിച്ചത്. അന്ന് 50 ശതമാനം വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.വോൾട്ടേജ് ഉണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ മണ്ഡലത്തിൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത് വി എസിന്റെ കാലത്താണ്. പിന്നീടുള്ള വികസനപ്രവർത്തനങ്ങൾ നടന്നത് കിഫ്ബിയുടെ ഭാഗമായിട്ടാണ്. അത് പിണറായിയുടെ കാലഘട്ടത്തിലാണ്. എടുത്തുപറയാവുന്ന ഒരു നേട്ടവും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ വോട്ടർമാർക്കും ഒരു സംശയവും ഉണ്ടാവാൻ ഇടയില്ല.'- എ കെ ബാലൻ പറഞ്ഞു.

09-Aug-2023