2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി: മുഖ്യമന്ത്രി

2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും തദ്ദേശീയ ജനതയെ പ്രാപ്തരാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കിയ മാതൃകയിൽ കേരളത്തിലെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ലാൻഡ് ബാങ്ക് പദ്ധതിയനുസരിച്ചു വിവിധ ജില്ലകളിലായി 45 ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരം നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് 7,693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടായിരത്തോളം ഏക്കർ വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിലെ 3,647 പേർക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു.

ആദിവാസി ഭൂ സമരങ്ങളിൽ ഉയർത്തിയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ സർക്കാർ ഭൂമി ലഭ്യമാക്കി. ഭൂസമരങ്ങൾ നടന്നുവരുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിച്ചുവരുന്നു. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്താകെ 3.5 ലക്ഷത്തോളം ഭവനങ്ങൾ വിതരണം ചെയ്തതിൽ 8,394 പട്ടികവർഗ കുടുംബങ്ങൾക്കു വീട് ലഭ്യമാക്കിയിട്ടുണ്ട്.


സംസ്ഥാനത്തെ ജനസംഖ്യയുടെ 1.45 ശതമാനമാണു തദ്ദേശീയ ജനവിഭാഗങ്ങൾ. അവരുടെകൂടി ഉന്നമനം ലക്ഷ്യംവച്ചുള്ള സമഗ്ര പദ്ധതികളാണു സർക്കാർ നടത്തിവരുന്നത്. ലോകത്ത് ഡിജിറ്റൽ ഡിവൈഡ് ഏറ്റവുമധികം അനുഭവിക്കുന്നതു തദ്ദേശീയ ജനതയാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു 30 ശതമാനത്തോളം കുറവാണ് രാജ്യത്ത് ആദിവാസി ജനവിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഇന്റർനെറ്റ് സൗകര്യം. ഇത് തുടർന്നാൽ വൈജ്ഞാനിക മുന്നേറ്റത്തിൽ ആദിവാസി ജനത പിന്തള്ളപ്പെടും. ഒരു ജനവിഭാഗംപോലും ഡിജിറ്റൽ ഡിവൈഡ് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സാർവത്രിക ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരളത്തിൽ കെ-ഫോൺ പദ്ധതി നടപ്പാക്കുകയാണ്. വിദൂര ആദിവാസി ഗ്രാമങ്ങളിൽപ്പോലും ഇന്റർനെറ്റ് സൗകര്യം ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നു. ഓൺലൈൻ പഠന സൗകര്യം എല്ലാ ആദിവാസി ഊരുകളിലേക്കും വ്യാപിപ്പിക്കാൻ നടപടിയെടുത്തു. 35,000ൽപ്പരം പട്ടികവിദ്യാർഥികൾക്കു ലാപ്ടോപ്പുകൾ നൽകി.

ആദിവാസി വിദ്യാർഥികൾക്ക് പ്രീപ്രൈമറി മുതൽ പി.എച്ച്.ഡിവരെ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. പൈലറ്റ് പരിശീലനം, എയർഹോസ്റ്റസ് പരിശീലനം തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു. പട്ടികവർഗ വകുപ്പിന്റെ ഐടിഐകൾ നവീകരിച്ചു നിലവിലുള്ള ട്രേഡുകളിൽ ആഡ് ഓൺ കോഴ്സുകൾ ആരംഭിച്ചു. അട്ടപ്പാടിയിലും കാസർകോഡും രണ്ട് ഏകലവ്യ എം.ആർ.എസുകൾ തുടങ്ങി. സിവിൽ എൻജിനീയറിങ്ങിൽ എംടെക്, ബിടെക്, ഐടിഐ ഡിപ്ലോമ യോഗ്യതകളുള്ള 200 പേരെ പട്ടികവർഗ വികസന വകുപ്പിന്റെ വിവിധ ഓഫിസുകളിൽ അക്രഡിറ്റഡ് എൻജിനീയർമാരായി നിയമിച്ചു. രണ്ടു വർഷമാണു കാലാവധി. ഈ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നേരിയെടുക്കാൻ അവർക്കു കഴിയും.

വനാശ്രിതരായ 500 പട്ടികവർഗക്കാരെ പി.എസ്.സി. മുഖേന പ്രത്യേക തെരഞ്ഞെടുപ്പിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി നിയമിച്ചു. എക്സൈസിലും ഇതേ രീതിയിൽ നടപടികൾ സ്വീകരിച്ചുവരുന്നു. ഊരുകളുടെ നിർമാണം പൂർത്തിയാക്കാൻ സഹായിക്കുന്ന സേഫ് പദ്ധതി, എല്ലാ പട്ടികവർഗക്കാർക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കി ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്ന എബിസിഡി പദ്ധതി തുടങ്ങിയ നൂതന പദ്ധതികളിലൂടെ പട്ടികവർഗ സമൂഹങ്ങളെ നവകേരള നിർമിതിയുടെ ഭാഗമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. വിദൂര ആദിവാസി ഊരുകളിലുള്ളവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ പ്രത്യേക ഇടപെടലുകളും നടത്തുന്നു. തദ്ദേശീയ ജനത രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അവരെ നാടിന്റെ ചരിത്രത്തിൽനിന്നു മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ ചിലയിടങ്ങളിൽ നടക്കുന്നുണ്ട്. ദൗർഭാഗ്യകരമായ അത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികളിലൂടെ തദ്ദേശീയ ജനവിഭാഗങ്ങളെ സ്വയംപര്യാപ്തതയിലേക്കെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണു സർക്കാർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ‘നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത’ എന്ന സന്ദേശമുയർത്തിയാണ് തദ്ദേശീയ ദിനം ആഘോഷിക്കുന്നത്.

ദേശീയ വനിതാ ക്രിക്കറ്റ് ടീം അംഗം മിന്നു മണിയെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. കാസർകോഡ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിനുള്ള സ്പോർട്സ് കിറ്റ് വിതരണം കായിക മന്ത്രി വി. അബ്ദുറഹിമാനും കേരള എംപവർമെന്റ് സൊസൈറ്റി ‘ഉന്നതി’യുടെ വെബ്്സൈറ്റ് പ്രകാശനവും എം.ആർ.എസുകളിൽ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും SAFE പദ്ധതി പ്രകാരം ഭവന നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താവിനുള്ള ധനസഹായ വിതരണം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും എ.ബി.സി.ഡി. പദ്ധതി പ്രകാരം ആധികാരിക രേഖകൾ ലഭിച്ച കുടുംബങ്ങൾക്കുള്ള രേഖകൾ ഒ.ആർ. കേളു എം.എൽ.എയും വിതരണം ചെയ്തു.

ഗതാഗത മന്ത്രി ആന്റണി രാജുവും ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഖശ്രീ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം വിദ്യാധരൻ കാണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

09-Aug-2023