കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരുന്നു

കൊച്ചിയിലെ വാട്ടര്‍ മെട്രോ വിജയമായ സാഹചര്യത്തില്‍ കൊല്ലത്തും വാട്ടര്‍ മെട്രോ ഏര്‍പ്പെടുത്താന്‍ തീരുമാനം. പദ്ധതി കൊല്ലത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്.

വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനരീതിയടക്കം മോയര്‍ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

കൊല്ലത്ത് അഷ്ടമുടി കായലില്‍ ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടര്‍ മെട്രോയുടെ പ്രാരംഭ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.

വാട്ടര്‍ മെട്രോയോടൊപ്പം ടെര്‍മിനലുകള്‍, ബോട്ട് യാര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉള്‍നാടന്‍ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്‍മേട്രോയുടെ വരവോടെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ.

10-Aug-2023