മണിപ്പൂർ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണം; സ്ത്രീകൾ റാലി നടത്തി
അഡ്മിൻ
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് മണിപ്പൂർ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ റാലി നടത്തി. നൂറുകണക്കിന് സ്ത്രീകൾ ഇംഫാൽ താഴ്‌വരയിലുടനീളം പന്തംകൊളുത്തിയാണ് റാലി നടത്തിയത്. ബുധനാഴ്ച (ഓഗസ്റ്റ് 9) രാത്രി 9.30ഓടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കെയ്സാംപത്ത്, കെയ്സംതോങ്, ക്വാക്കീഥേൽ എന്നിവിടങ്ങളിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വാങ്ഖേയ്, കോങ്ബ എന്നിവിടങ്ങളിലും റാലികൾ നടന്നു.
നിയമസഭാ സമ്മേളനത്തിൽ, സംസ്ഥാനത്തിന്റെ പ്രാദേശിക ഐക്യം സംരക്ഷിക്കുന്നതിനുള്ള പ്രമേയം സർക്കാർ പാസാക്കണം. അത് മൺസൂൺ സമ്മേളനത്തിന്റെ സെഷൻ നടക്കുമ്പോൾ തന്നെ പാർലമെന്റിലേക്ക് അയക്കണമെന്നും റാലിയിൽ പങ്കെടുത്ത ഇംഗുദം ബബിത വാങ്ഖേയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുക്കി ഗ്രൂപ്പുകളുടെ പ്രത്യേക ഭരണത്തെത്തുടർന്ന് സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. അവരെ നാടുകടത്തുന്നതിന് എൻആർസി നടപ്പാക്കണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടു. അതേസമയം ആഗസ്ത് 21 മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ മണിപ്പൂർ മന്ത്രിസഭ ഗവർണർ അനുസൂയ ഉയികെയോട് ശുപാർശ ചെയ്തു.
കഴിഞ്ഞ മാർച്ചിലാണ് നിയമസഭാ സമ്മേളനം നടന്നത്. മെയിൽ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞയാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട്, മെയ്തേയ് അപെക്‌സ് ഗ്രൂപ്പ് ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതു പണിമുടക്ക് ഇംഫാൽ താഴ്‌വരയിലെ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു.