പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർഥിയെ വെള്ളിയാഴ്ച തീരുമാനിക്കും

പുതുപ്പള്ളി മണ്ഡലത്തിലെ ഉപ തെരെഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർഥിയെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച തീരുമാനിക്കും. ജെയ്ക്ക് സി തോമസ്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻഗണനയിലുള്ളത്.

ശനിയാഴ്ച ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥിയെ പ്രഖ്യാപനം ഉണ്ടാകുക. വെള്ളിയാഴ്ച മുതൽ നാല് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി യോഗം റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ട. എങ്കിലും പുതുപ്പള്ളി സ്ഥാനാർഥിയുടെ കാര്യം തീരുമാനം വെള്ളിയാഴ്ച തന്നെ ഉണ്ടാകും. കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും.

ശനിയാഴ്ച പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നതിനാൽ സെക്രട്ടറിയറ്റ് യോഗം വെള്ളിയാഴ്ചയോടെ തീർക്കാൻ തീരുമാനമുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയാകും. രണ്ട് ദിവസം സംസ്ഥാനസെക്രട്ടറിയേറ്റും രണ്ട് ദിവസം സംസ്ഥാനകമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

11-Aug-2023