ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐക്ക് പഞ്ചായത്ത് ഭരണം
അഡ്മിൻ
കേരളത്തിലെ കാസർകോട് ജില്ലയോട് ചേർന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് ഭരണം നേടി എസ്ഡിപിഐ. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ടി ഇസ്മയിലിനെ പ്രസിഡന്റായും ബിജെപിയുടെ പുഷ്പാവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി -13, എസ്ഡിപിഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്ഡിപിഐയുടെ ഡി ബി ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി.
പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി ഇസ്മയിലും ബിജെപിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു.
ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാവുകയായിരുന്നു. സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങള്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ പുഷ്പാവതി ഷെട്ടിയെ ഏകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.