ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോയിലെത്തിക്കും : മന്ത്രി ജി ആർ അനിൽ

ഓണം കണക്കാക്കി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ർ അനിൽ. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക.

പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി ഇനങ്ങൾ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തനം തുടങ്ങുക. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ സാധാരണക്കാരന് ലഭ്യമാക്കുമെന്നാണ് സർക്കാർ വാഗ്ദാനം.

11-Aug-2023