ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭരണസമിതിയിലെ 15 സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്ത് 12ന് നടക്കാനിരിക്കെയാണ് കോടതി ഉത്തരവ്. പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഡബ്ലുഎഫ്‌ഐ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് ഉള്‍പ്പെടെ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് സഞ്ജയ് സിങ്ങിനെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ എത്തിയിരുന്നു.ഗുസ്തിതാരം ബജ്റംഗ് പുനിയ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തു.കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ അടുപ്പക്കാരനാണെന്നത് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ എതിര്‍പ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക വനിതാ സ്ഥാനാര്‍ത്ഥിയായ അനിത ഷിയോറനെയാണ് പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ പിന്തുണയ്ക്കുന്നത്.മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രിയും ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷിയുമാണ് അനിത.

ഡബ്ല്യുഎഫ്ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി ഒഡീഷയെ പ്രതിനിധീകരിച്ചെത്തുന്ന അനിത ഷിയോറാണ്. ഗുസ്തി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നേരത്തെയും വിലക്കിയിരുന്നു. ജൂലൈ 11ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് അസം റെസ്ലിംഗ് അസോസിയേഷന്റെ ഹര്‍ജി പരിഗണിച്ച് ഗുവാഹത്തി ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.

ഡബ്ല്യുഎഫ്ഐ, ഐഒഎ, അഡ്ഹോക് കമ്മിറ്റി, കായിക മന്ത്രാലയം എന്നിവയ്ക്കെതിരെയായിരുന്നു അസം റെസ്ലിംഗ് അസോസിയേഷന്റെ ഹര്‍ജി. ഡബ്ല്യുഎഫ്ഐയില്‍ അംഗീകൃത അംഗമാകാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

11-Aug-2023