വികസനത്തിന്റെ കാര്യത്തില്‍ 140-ാം സ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി: മന്ത്രി വി ശിവൻകുട്ടി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പില്‍ ന്യായമായ കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് ഉന്നയിക്കുകയുള്ളു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്ന് മന്ത്രി. കേരളത്തില്‍ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. വികസനത്തിന്റെ കാര്യത്തില്‍ 140-ാം സ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി എന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങിയവ പഠിപ്പിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും. പരീക്ഷക്ക് ഉള്‍പ്പെടെ ഈ ഭാഗങ്ങളില്‍ നിന്ന് ചോദ്യം ഉണ്ടാകുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞത് വലിയ കാര്യമല്ല. ഒന്നാം ക്ലാസില്‍ മാത്രമാണ് കുട്ടികള്‍ കുറഞ്ഞത്. രണ്ടു മുതല്‍ 10 വരെയുള്ള കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. കണക്കുകള്‍ വന്നതേയുള്ളു. ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

12-Aug-2023