ഭാരതീയ ന്യായ സംഹിത ബില്ലിനെ വിമർശിച്ച് കപിൽ സിബൽ

ഭാരതീയ ന്യായ സംഹിത ബില്ലിനെ വിമർശിച്ച് രാജ്യസഭാ എംപിയും മുൻ നിയമമന്ത്രിയുമായ കപിൽ സിബൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പോലീസ് അധികാരം ഉപയോഗിക്കാൻ അനുവദിക്കുന്നതാണു രാജ്യദ്രോഹക്കുറ്റം നീക്കി ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ബിൽ എന്ന് കപിൽ സിബൽ ആരോപിച്ചു.

ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശം എതിരാളികളുടെ നിശബ്ദതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഭാരതീയ ന്യായ സംഹിത (2023) (ബിഎൻഎസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പോലീസ് അധികാരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നു
15 മുതൽ 60 അല്ലെങ്കിൽ 90 ദിവസം വരെ കുറ്റവാളിക്ക് പോലീസ് കസ്റ്റഡി അനുവദിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ വ്യക്തികളെ വിചാരണ ചെയ്യുന്നതിനുള്ള പുതിയ കുറ്റകൃത്യങ്ങൾ (പുനർ നിർവചിക്കപ്പെട്ടത്). അജണ്ട: എതിരാളികളെ നിശബ്ദരാക്കുക," സിബൽ എക്സിൽ കുറിച്ചു.

ഐപിസി, ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമായി പുതിയ വ്യവസ്ഥ കൊണ്ടുവരാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.ഇവയ്ക്ക് പകരമായി യഥാക്രമം, ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - 2023, ഭാരതീയ സാക്ഷ്യ ബിൽ - 2023 എന്നീ ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

12-Aug-2023