രാജസ്ഥാൻ കോൺഗ്രസിൽ മുൻ എംഎഎൽമാരടക്കം 16 പ്രമുഖർ ബിജെപിയിൽ
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ മുൻ എംഎൽഎയടക്കം 16 പ്രമുഖർ ബിജെപിയിൽ ചേർന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവിയുമുൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്. 16 പേർ ശനിയാഴ്ച ബിജെപിയിൽ ചേർന്നു.
കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ എംഎൽഎമാരായ മോത്തിലാൽ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുർജാർ, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡിജിപി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്.
പാർട്ടിയുടെ നയങ്ങളിലും പരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ചാണ് ആളുകൾ പാർട്ടിയിൽ ചേരുന്നത്. ഭാവിയിലും ഇത് തുടരുമെന്നും സിംഗ് പറഞ്ഞു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ, റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പർ ചോർച്ച, കർഷകരുടെ ഭൂമി ലേലം ചെയ്യൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കോൺഗ്രസ് സർക്കാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകൾക്ക് സ്‌മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുന്നതിനു പകരം അവരുടെ സുരക്ഷയെ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു.