രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ ഗോത്ര സമൂഹം: രാഹുല്‍ ഗാന്ധി

ആദിവാസികളെ വനവാസി എന്നാണ് ഒരു വിഭാഗം ആളുകള്‍ വിളിക്കുന്നത് അവരെ വനത്തിനുള്ളില്‍ പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് എം.പി രാഹുല്‍ ഗാന്ധി. രാജ്യവുമായി ആദിവാസികളുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ശ്രമം.

അവര്‍ വനം വിട്ട് എവിടെയും പോകരുത് എന്നാണ് ഇത്തരക്കാരുടെ ഉദ്ദേശം. ഇത് തങ്ങള്‍ അംഗീകരിക്കില്ലെന്നും ആദിവാസി ഭൂമിയുടെ യഥാര്‍ഥ അവകാശികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ അവസരങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്.

ആശയപരമായി തനിക്ക് ഇടതു പക്ഷത്തോട് വിരോധമുണ്ട്. എന്നാല്‍ തന്റെ എം.പി സ്ഥാനം റദ്ദാക്കിയപ്പോള്‍ അവര്‍ പ്രതിഷേധിച്ചത് കക്ഷി രാഷ്ട്രീയമില്ലാതെയാണ്. തന്റെ മണ്ഡലമായ വയനാട്ടില്‍ വീണ്ടുമെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ആദിവാസികള്‍ എന്നത് പ്രത്യേക ചിന്താരീതിയാണ്. ഭൂമി, പരിസ്ഥിതി എന്നിവയെ കുറിച്ച് ധാരണയുള്ളവര്‍ എന്നാണ് അതിന്റെ അര്‍ത്ഥം. രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍ ഗോത്ര സമൂഹമാണ്. ഭൂമിയുടെ അവകാശികള്‍ക്ക് ആ അവകാശം നല്‍കേണ്ടത് അത്യാവശ്യമാണ്. ഉന്നത വിദ്യാഭ്യാസം നിര്‍വഹിക്കാന്‍ ആദിവാസി സമുഹത്തിന് കഴിയണം. വനാവകാശ നിയമപ്രകാരം അത്തരം അവകാശങ്ങളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

13-Aug-2023