ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല: മുഖ്യമന്ത്രി
അഡ്മിൻ
വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം നൽകിയവരാണു നമ്മുടെ പൂർവികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമിതിക്കാണു നാം പ്രാധാന്യം നൽകേണ്ടത് - മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കിയും വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ യത്‌നിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പാക്കും. 2016ൽ 5.6 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു.
ഏഴു വർഷംകൊണ്ട് 84 ശതമാനം വർധനവുണ്ടായി. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നു. 54 ശതമാനത്തിലധികം വർധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു.
വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണു സർക്കാർ സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടത് ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തിലെത്തി. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചത്. 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്.
കേരളത്തിലെ ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് സംസ്ഥാനത്തുനിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു. ഐടി സ്‌പേസിന്റെ കാര്യത്തിൽ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വർധനവുണ്ടായി. യുവാക്കളെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്.
അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞു. 2016 മുതൽ 2023 വരെ ആകെ 81,000 ത്തോളം കോടി രൂപയുടെ 1,057 വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ക്ഷേമ മേഖലയിലും സവിശേഷമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ നാലു ലക്ഷത്തിലധികം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്.
ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇത്തരമൊരു മുൻകൈയ്യെടുക്കുന്നത്. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരരായി കണ്ടെത്തിയിട്ടുള്ളത്. അവർക്കുള്ള സർക്കാർ രേഖകൾ ഇതിനോടകം ലഭ്യമാക്കിക്കഴിഞ്ഞു. അവരുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള മൈക്രോപ്ലാനുകളുടെ രൂപീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകളിലൂടെ 2025 ഓടെ കേരളത്തിൽ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളലും ഉൾച്ചേർക്കലും മുഖമുദ്ര ആയിട്ടുള്ള നവകേരളം യാഥാർത്ഥ്യമാക്കുകയാണ്.
എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായിനിന്നു പരിഹരിച്ചുമാണ് കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയുമെല്ലാം അതിനുപകരിച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ അവയെ കൂടുതൽ ശക്തിപ്പെടുത്തണം. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അപ്പോൾ മാത്രമേ സ്വാതന്ത്ര്യം കൂടുതൽ അർഥപൂർണമാകൂ.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്റെ ഫലമായി ഉയർന്നുവന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല.
ആയുർദൈർഘ്യത്തിന്റെയും സാക്ഷരതയുടെയും വരുമാനത്തിന്റെയുമൊക്കെ കാര്യത്തിൽ 1947 നെ അപേക്ഷിച്ച് രാജ്യം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു.
ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. നമ്മോടൊപ്പവും തൊട്ടടുത്ത വർഷങ്ങളിലുമൊക്കെയായി സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾപ്പോലും നമ്മൾ പിടിച്ചു നിന്നു. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മൾ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.
അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ട് എന്ന വസ്തുത കാണാതെ പോകരുത്. ആ തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ ഊർജ്ജമായി തീരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
15-Aug-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ