ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്


പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. യു.എസ് ഗവേഷകന്‍ പിയറി അഗൊസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറെന്‍ ക്രാസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കുമുള്ളിലെ ഇലക്ട്രോണുകളെ അടുത്തറിയാനുള്ള നൂതനവിദ്യകളായി മാറി മൂവരും നടത്തിയ മുന്നേറ്റമെന്ന്, പുരസ്‌കാര പ്രഖ്യാപനത്തില്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു. ഇലക്ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍, നൊബേല്‍ ജേതാക്കള്‍ രൂപപ്പെടുത്തിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍ സഹായിക്കുമെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.

വളരെ വേഗത്തില്‍ സംഭവിക്കുന്ന സൂക്ഷ്മപ്രക്രിയകള്‍ മനസിലാക്കാന്‍ സവിശേഷ സാങ്കേതികവിദ്യകള്‍ ഉണ്ടെങ്കിലേ കഴിയൂ. ഇലക്ട്രോണുകളുടെ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വെറും 'ആറ്റോസെക്കന്‍ഡി' (attosecond) ലും കുറഞ്ഞ സമത്താണുണ്ടാവുക.

സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ളത്ര ചെറിയ സമയമാണ് ആറ്റോസെക്കന്‍ഡ് എന്നത്. പ്രപഞ്ചത്തിന്റെ പ്രായം, എന്നുവെച്ചാല്‍ 1377 കോടി വര്‍ഷം ഒരു സെക്കന്‍ഡായി കരുതുക. അതില്‍ ഒരു സെക്കന്‍ഡ് എത്ര വരുമോ, അത്രയുമാണ് ഒരു സെക്കന്‍ഡില്‍ ഒരു ആറ്റോസെക്കന്‍ഡ് വരിക!

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ രൂപപ്പെടുത്തിയ പരീക്ഷണങ്ങള്‍ വഴി ആറ്റോസെക്കന്‍ഡ് തലത്തിലുള്ള പ്രകാശസ്പന്ദനങ്ങള്‍ (pulses of light) സൃഷ്ടിക്കാന്‍ സാധിച്ചു. ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഉള്ളില്‍ അരങ്ങേറുന്ന ധ്രുതപ്രക്രിയകളും ചടുലചലനങ്ങളും സൂക്ഷ്മതലത്തില്‍ ദൃശ്യവത്ക്കരിക്കാന്‍ അതുവഴി കഴിയുമെന്ന സ്ഥിതിയായി.

സ്വീഡനിൽ ലണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ആൻ ലൂലിയെ 1987 ൽ ആരംഭിച്ച പഠനമാണ്, ഇരുത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിൽ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ക്വാണ്ടം ഓപ്റ്റിക്‌സില ഗവേഷകൻ പിയറി അഗൊസ്തിനി മുന്നോട്ട് നയിച്ചത്. യു.എസിൽ ഒഹയ യൂണിവേഴ്‌സിറ്റിയിലെ ഫെരൻ ക്രാസ് മറ്റൊരു പരീക്ഷണത്തിലൂടെ സൂക്ഷ്മ പ്രകാശസ്പന്ദനങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. ഇതുവരെ 119 പേർ ഭൗതികശാസ്ത്ര നൊബേൽ നേടിയതിൽ, വെറും അഞ്ചുപേർ മാത്രമാണ് സ്ത്രീകൾ. ഇത്തവണ പുരസ്‌കാര ജേതാവായ ആൻ ലൂലിയെ ആണ് അഞ്ചാമത്തെ സ്ത്രീഗവേഷക.

03-Oct-2023